-
No Comments

FFI Results


These are the results we obtained from a private Hospital.
എന്റെ ഭാര്യയുടെ ഇടത് കണ്ണിന്റെ മധ്യഭാഗത്ത് കറുത്ത വൃത്താകൃതിയില്‍ കാഴ്ച നഷ്ടപ്പെട്ടു. വലത് കണ്മടച്ച് ഇടത് കണ്ണിലൂടെ മറ്റൊരാളിന്റെ മുഖത്ത് നോക്കിയാല്‍ മുഖമൊഴികെ മറ്റ് ഭാഗങ്ങള്‍ കാണാം. രണ്ടു കണ്ണുകൊണ്ടും നോക്കുമ്പോള്‍ ആകെ ഒരസ്വസ്ഥത. ബ്ലഡ് പ്രഷര്‍ ഉണ്ട് അതിന് സ്ഥിരമായി മരുന്നു കഴിക്കുന്നുണ്ട്.
പ്രസിദ്ധമായ ഒരു സ്വകാര്യ കണ്ണാശുപത്രിയില്‍ ചികിത്സയ്ക്കായി സമീപിച്ചപ്പോള്‍ കിട്ടയ റിസല്‍റ്റുകളാണ് മുകളില്‍ കാണുന്നത്. കണ്ണിലെ രക്തക്കുഴലുകളിലുണ്ടായ ബ്ലീഡിംഗ് കാരണമാണ് ഇത് സംഭവിച്ചതെന്നും ഇതെന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നതെന്ന് കൃത്യമായി പറയാന്‍ കഴിയില്ല എന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇത് പൂര്‍ണമായി ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയില്ലെന്നും ഇന്നത്തെ അവസ്ഥയില്‍ നിന്ന് കൂടാതിരിക്കുവാന്‍ 10,000 രൂപയുടേയോ 50,000 രൂപയുടെയോ മൂന്ന് ഇഞ്ചെക്ഷന്‍ കണ്ണില്‍ എടുക്കണമെന്നും അതില്‍ എത്രരൂപയയ്ക്കുള്ളത് വേണമെന്ന് ഞങ്ങള്‍ക്ക് തീരുമാനിക്കാമെന്നും പറഞ്ഞു. ഒരു ഡോസുകൊണ്ട് കുറഞ്ഞില്ല എങ്കില്‍ രണ്ടാമതൊരു ഡോസുകൂടി എടുക്കേണ്ടി വരും എന്ന മുന്നറിയിപ്പും കിട്ടി. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത അസുഖമില്ല എന്നും മാമന്‍ ഒരു സെക്കന്‍ഡ് ഒപ്പിനിയന്‍ എടുക്കണം എന്ന് എന്റെ അനന്തിരവന്റെ (ഒരു ദന്തഡോക്ടറാണ്) അഭിപ്രായം മാനിച്ച് സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങി പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടറെ സമീപിച്ചപ്പോള്‍ അദ്ദേഹവും ഇതേ ചികിത്സതന്നെയാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ സര്‍ക്കര്‍ വക കണ്ണശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യുകയും അവിടെച്ചെന്നാല്‍ അതേ ഇഞ്ചെക്ഷന്‍ 400 രൂപയ്ക്ക് എടുക്കാന്‍ കഴിയും എന്ന നിര്‍ദ്ദേശിക്കുകയും ചെയ്തു. അത് അനുസരിക്കുകയും നീണ്ട ക്യൂ കടന്ന് ഡോക്ടറുടെ അടുത്തെത്തിയപ്പോഴാണറിയുന്നത് പ്രസ്തുത ഇഞ്ചെക്ഷന്‍ വേണമെങ്കില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്നും. അതല്ല വെളിയില്‍ നിന്ന് വാങ്ങിക്കൊടുത്താല്‍ എടുക്കാം 35,000 രൂപ മൂന്ന് ഇഞ്ചെക്ഷനാകും എന്നും അറിഞ്ഞു.
ചികിത്സിച്ച് ദേദമാക്കാന്‍ കഴിയാത്ത അസുഖമാണല്ലോ എന്റെ ഭാര്യയ്ക്ക് വന്നതെന്ന് ദഃഖിച്ചിരിക്കുമ്പോഴാണ് മറ്റൊരു ബന്ധു മിസ്റ്റ്രര്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞത് ആയുര്‍വ്വേദ ചികിത്സ ഫലപ്രദമാണെന്നും ചേട്ടന്‍ എന്നോടൊപ്പം വന്നാല്‍ നമക്ക് ഡോക്ടറുടെ കുടപ്പനക്കുന്നിലുള്ള കണ്ണാശുപത്രിയില്‍ പോയി കാണാം എന്നും ആണ്. തന്റെ മകനെയും മകളെയും ഷോര്‍ട്ട് സൈറ്റിന് ചികിത്സിച്ച് ഭേദപ്പെട്ട അനുഭവവും പ്രവീണിനുണ്ട്. അപ്രകാരം മാതാ ഐ ക്ലിനിക്കില്‍ തിരുവനന്തപുരം ആയുര്‍വ്വേദ കോളേജില്‍ നിന്ന് പ്രൊഫസറായി വിരമിച്ച ഡോ. ശാന്തകുമാരിയെക്കാണുകയും പരിശോധനകള്‍ക്ക് ശേഷം പുതുതായി തുടങ്ങിയ മൂങ്ങോടുള്ള കണ്ണാശുപത്രിയില്‍ വരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഏഴു ദിവസത്തെ ധാരയും അഞ്ചു ദിവസത്തെ തര്‍പ്പണവും കഴിഞ്ഞ് വീട്ടില്‍ വന്ന് അഞ്ചു ദിവസത്തെ വിശ്രമവും കഴിഞ്ഞപ്പോഴേയ്ക്കും എന്റെ ഭാര്യയുടെ കണ്ണിന്റെ അസുഖം ഏകദേശം ഭേദമായിക്കഴിഞ്ഞു. മറ്റൊരാളുടെ അനുഭവത്തില്‍ കാഴ്ച പൂര്‍ണമായും തിരികെക്കിട്ടാന്‍ മൂന്നുമാസത്തോളമെടുത്തു എന്നാണ്. കുടപ്പനക്കുന്നിലുള്ള പ്രസ്തുത ആയുര്‍വ്വേദ ആശുപത്രിയില്‍ ചെന്നപ്പോഴാണറിയുന്നത് അലോപ്പതിയില്‍ ഇതേ രോഗത്തിന് പരാജയപ്പെട്ട പലരും അവിടെ ചികിത്സയിലാണ് എന്നകാര്യം. മൂങ്ങോടുള്ള ആശുപത്രിയില്‍ മറ്റൊരു രോഗിയെ കാണാന്‍ കഴിഞ്ഞത് ഓരോ പ്രാവശ്യം മരുന്നു കൊടുക്കുമ്പോഴും അതിന്റെ പേര് ചോദിച്ചിട്ട് അതില്‍ ഗോമൂത്രം അടങ്ങിയതാണ് എനിക്കത് വേണ്ട എന്ന അഭിപ്രായക്കാരന്‍. പല കാര്യങ്ങളും കൂടുതലായി അറിയാമെന്നത് അദ്ദേഹത്തിന്റെ ചികിത്സയെ ബാധിക്കും എന്ന് ഉറപ്പ്. സ്റ്റാഫ് പറയുന്നത് ഞങ്ങളോട് രോഗി സഹകരിക്കാതിരുന്നാല്‍ ഞങ്ങളെന്തു ചെയ്യും എന്നാണ്.

This is the notice of Matha Eye Clinic at Moongodu, Near Thachottukavu, Thiruvananthapuram.
Phone: 98470 57575
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഗോമൂത്രമായാലും ചാണകമായാലും അസുഖം ഭേദമാകണം അത്രേ ഉള്ളു. അലോപ്പതിയില്‍ സ്റ്റബിലിറ്റി ലഭിക്കുമെന്നുപോലും ഉറപ്പില്ലാതിരിക്കുകയും എന്റെ ഭാര്യയുടെ കണ്ണിലെ കാഴ്ച ആയുര്‍വ്വേദ ചികിത്സയിലൂടെ തിരിച്ചുകിട്ടുകയും ചെയ്ത സന്തോഷം ഞാനെല്ലാപേരെയും അറിയിക്കുന്നു. ഇത്തരത്തിലൊരനുഭവം എനിക്കുണ്ടായത് ഇതേപോലൊരു രോഗം വരുന്ന മറ്റൊരു വ്യക്തിയ്ക്ക് പ്രയോജനപ്രദമാകുമെങ്കില്‍ ഞാന്‍ ധന്യനായി.
-
2 Comments
റബ്ബര്‍ മരത്തിനുണ്ടാകുന്ന പട്ടമരപ്പിന് ശാശ്വത പരിഹാരം കാണുവാന്‍ എന്നെ സഹായിച്ച മുന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. തോമസ് വര്‍ഗീസിനോടുള്ള കടപ്പാട് ഏവരെയും അറിയിക്കുന്നു. കാര്‍ഷികമേഖലയിലെ പരീക്ഷണങ്ങളില്‍ കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലേക്കും പ്രസ്തുത ഗവേഷണഫലം വിരല്‍ ചൂണ്ടുകയാണ്.
താഴെ ചിത്രത്തില്‍ പട്ടമരപ്പില്‍ നിന്ന് മോചനം നേടിയ റബ്ബര്‍ മരത്തെ കാണാം. ഈ മരത്തിന് ഏകദേശം പത്ത് വര്‍ഷം മുമ്പ് പട്ടമരപ്പ് ബാധിച്ചതാണ്. നിയന്ത്രിത കമഴ്ത്തിവെട്ട് (cut ) രീതി അവലമ്പിക്കുകയും, കറ ഒഴുകുന്നത് മുകളില്‍ നിന്ന് താഴേക്കാണ് എന്ന അറിവില്‍ നേര്‍പ്പിച്ച എഥിഫോണ്‍ ഉപയോഗിച്ച് ഒഴുക്കിലെ തടസ്സം മാറ്റിയെടുക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. അത് പൂര്‍ണമായും പട്ടമരപ്പിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്.
പിന്നീടുള്ള പരീക്ഷണ നിരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് മനസിലായത് ഇലയില്‍ നിന്ന് അന്നജം തടിയെയും തൊലിയെയും സഹായിക്കുന്ന കേമ്പിയത്തിന് മുകളിലുള്ള ഫ്ലോയത്തിലൂടെ വേരിലെത്തി വേരുകളെ വളരുവാന്‍ സഹായിക്കുന്നു എന്നും ഫ്ലോയത്തിന് പുറമേകൂടെ മുകളിലേക്കാണ് ലാറ്റെക്സിന്റെ ഒഴുക്ക് എന്നും. ഒരു കോണിയുടെ സഹായത്താല്‍ പത്തടി മുകളില്‍ നിന്ന് താഴേക്ക് ടാപ്പ് ചെയ്ത് കുറച്ചുനാള്‍ കറ എടുത്തു. സമയനഷ്ടവും അധ്വാന ഭാരവും കാരണം അത് വേണ്ട എന്ന് വെച്ചു. പട്ടമരപ്പ് വന്ന മരങ്ങളില്‍ തൊലിപ്പച്ച നഷ്ടമായതിനാല്‍ ഡോ. തോമസ് വര്‍ഗീസിന്റെ നിര്‍ദ്ദേശാനുസരണം മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കിയപ്പോള്‍ തൊലിപ്പച്ച ദൃശ്യമായെങ്കിലും പാല്‍ക്കുഴലുകള്‍ കാണാന്‍ കഴിഞ്ഞില്ല. മാത്രവുമല്ല നൈട്രജന്‍ എന്ന അമ്ലസ്വഭാവമുള്ള ‘N’ എന്ന രാസ വളത്തോടൊപ്പം മഗ്നീഷ്യം നല്‍കാന്‍ പാടില്ല എന്നും മനസ്സിലാക്കി. പട്ടമരപ്പ് വന്ന മരങ്ങളില്‍ പിന്‍ കാനയുടെ ആഴം കൂട്ടി വരച്ചപ്പോള്‍ മുകളില്‍ നിന്ന് ഒഴുകിവരുന്ന അന്നജം അഞ്ചടി ഉയരത്തില്‍ അവസാനിക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ബയോഗ്യാസ് സ്ലറിയോടൊപ്പം പത്ത് ഗ്രാം ബോറാക്സ് കൂട്ടിക്കലര്‍ത്തി പട്ടമരപ്പ് വന്ന ഭാഗത്തിന് പുറമേ തേച്ച് പിടിപ്പിച്ചിട്ട് ദൃശ്യമായ ഫലങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ മുപ്പത് ലിറ്റര്‍ സ്ലറിയില്‍ പത്ത് ഗ്രാം ബോറാക്സ് കൂട്ടിക്കലര്‍ത്തി മരത്തിന് ചുറ്റും തറയില്‍ നല്‍കിയപ്പോള്‍ മൂന്ന് മാസത്തിന് ശേഷം അന്നജം താഴേക്ക് ഫ്ലോയത്തിലൂടെ ഒഴുകി വരുന്നതായി കാണാന്‍ കഴിഞ്ഞു. ഈ വര്‍ഷം വീണ്ടും അതേപ്രകാരം മണ്ണില്‍ നല്‍കി. ഒരാഴ്ച മുമ്പ് ടാപ്പിംഗ് ആരംഭിച്ചപ്പോള്‍ കറ ലഭിക്കുകയും ചെയ്തു. മാത്രവുമല്ല കത്തിമുനകൊണ്ട് കുത്തിനോക്കിയപ്പോള്‍ താഴെ അറ്റം വരെ സജീവമായ അന്നജവും ഫ്ലോയവും കാണുവാന്‍ കഴിഞ്ഞു. അപ്രകാരം പരീക്ഷിച്ചപ്പോള്‍ അന്നജം ഒഴുകുന്നത് താഴെ ചിത്രത്തില്‍ കാണാം.
കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്ത് ടാപ്പിംഗ് തുടരുകയും വെളിച്ചണ്ണയില്‍ നേര്‍പ്പിച്ച ബോറാക്സ് പുതുപ്പട്ടയില്‍ പുരട്ടുകയും ചെയ്തപ്പോള്‍ പ്രസ്തുത മരങ്ങളില്‍ പട്ടമരപ്പിന്റെ ലക്ഷണങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല പുതുപ്പട്ടയുടെ വളര്‍ച്ചയും അവിടെ ലഭ്യമായ പൂര്‍ണ വളര്‍ച്ചയെത്തിയ ലാറ്റെക്സും കാണുവാന്‍ കഴിഞ്ഞു. എന്നുവെച്ചാല്‍ ബാര്‍ക്ക് ഐലന്റ് ഉണ്ടാകുന്നതില്‍ നിന്ന് റബ്ബര്‍ മരങ്ങളെ പ്രാപ്തമാക്കുവാനുള്ള കഴിവ് ബോറാക്സിന് ഉണ്ട് എന്നതു തന്നെ. വേരിലെ അന്നജത്തിന്റെ സംഭരണശേഷി വര്‍ദ്ധിക്കുന്നത് ഉല്പാദന വര്‍ദ്ധനവിനും കാരണമാകുന്നതായി മനസ്സിലാക്കാം.ബോറാക്സിന്റെ സാമ്പിള്‍ പരീക്ഷണത്തിനായി സൌജന്യമായി എന്റെ കൈവശം എത്തിക്കുകയും അത് പായ്ക്കറ്റായി ലഭിക്കുന്ന സ്ഥലം പറഞ്ഞു തരുകയും ചെയ്ത ഡോ. തോമസ് വര്‍ഗീസ് നാളിതുവരെ ഗവേഷണവിഭാഗത്തിനോ ശാസ്ത്രജ്ഞര്‍ക്കോ കണ്ടെത്തുവാന്‍ കഴിയാതെപോയ പട്ടമരപ്പിനുള്ള പ്രതിവിധി കണ്ടെത്തുവാന്‍ ഒരു കര്‍ഷകനെ സഹായിക്കുകയാണ് ചെയ്തത്.
പട്ടമരപ്പെന്ന രോഗം മണ്ണിലെ ട്രയിസ് എലിമെന്റുകളുടെ ശരിയായ പരിപാലനത്തിലൂടെ മാറ്റിയെടുക്കാം.








വ്യാഖ്യാനം