-
1 Comment
ജനിതകമാറ്റം വരുത്തിയ റബ്ബര്‍; കേരളവും കേന്ദ്രവും ഏറ്റുമുട്ടലില്‍
ന്യൂഡല്‍ഹി: ജനിതക വിത്തുകളെക്കുറിച്ചുള്ള വിവാദം രൂക്ഷമാകുന്നതിനിടെ, ജനിതകമാറ്റംവരുത്തിയ റബ്ബറിനെ സംബന്ധിച്ച് കേരളവും കേന്ദ്രപരിസ്ഥിതി മന്ത്രാലയവും ഏറ്റുമുട്ടലിന്റെ പാതയില്‍. എന്നാല്‍ ഇത്തരം റബ്ബര്‍ പരീക്ഷണവുമായി കേരളം മുന്നോട്ടുപോകണമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തിനയച്ച കത്തില്‍ ആവശ്യപ്പെട്ടത്. ജനിതകമാറ്റം വരുത്തിയ റബ്ബര്‍ കൃഷിയുടെ പരീക്ഷണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളം പരിസ്ഥിതി മന്ത്രാലയത്തിനയച്ച കത്തിന് മറുപടിയായാണിത്. ഇതോടെ ജനിതകമാറ്റം വരുത്തിയ റബ്ബറിന്റെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇരുധ്രുവത്തിലാണെന്ന് വ്യക്തമായി.
കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കീഴിലെ റബ്ബര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടാണ്(ആര്‍.ആര്‍.ഐ.ഐ) ജനിതകമാറ്റം വരുത്തിയ റബ്ബര്‍ വികസിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട തോട്ടങ്ങളില്‍ ഇവ പരീക്ഷിക്കണമെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍ദേശിക്കുന്നത്. അസം, മിസോറം എന്നിവിടങ്ങളില്‍ റബ്ബര്‍കൃഷി വ്യാപിപ്പിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. 14 വര്‍ഷത്തിനകമാണ് ജനിതകമാറ്റംവരുത്തിയ റബ്ബര്‍ കൃഷി പരീക്ഷിക്കേണ്ടത്.
രാജ്യത്തെ റബ്ബറിന്റെ സിംഹഭാഗവും ഉത്പാദിപ്പിക്കുന്ന കേരളം ഇതിനെ എതിര്‍ക്കുകയാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍, കേന്ദ്രനിര്‍ദേശം അംഗീകരിക്കില്ലെന്നും ജനിതകമാറ്റം വരുത്തിയ റബ്ബര്‍ വയലുകളില്‍ പരീക്ഷിക്കാന്‍ അനുവദിക്കില്ലെന്നും സംസ്ഥാന കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. കേരളത്തില്‍ ജനിതകമാറ്റം വരുത്തിയ റബ്ബറിന്റെ കൃഷി നടത്തണമെന്ന് നിര്‍ദേശം കോട്ടയത്തെ ജനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റിയാണ് മുന്നോട്ടുവെച്ചത്. ജനിതകമാറ്റം വരുത്തിയ വിളകളോട് കേരള സര്‍ക്കാറിന് പൊതുവില്‍ എതിര്‍പ്പാണ്. ജനിതകമാറ്റം വരുത്തിയ വഴുതനങ്ങയെയും കേരളം എതിര്‍ത്തിരുന്നു.
-
2 Comments
ജനിതക കൃഷിയോടുള്ള എതിര്‍പ്പ് ഇരട്ടത്താപ്പ് – പ്രൊഫ. ഹെറിങ്

തിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കൃഷി ചെയ്യുന്നതിനോട് ചിലര്‍ പ്രകടിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്നുള്ള പ്രൊഫ. റൊണാള്‍ഡ് ജെ. ഹെറിങ് പറഞ്ഞു. ‘ഇന്ത്യന്‍ കാര്‍ഷിക രംഗത്ത് ആധുനിക ജൈവസാങ്കേതികവിദ്യയുടെ പങ്ക്’ എന്ന വിഷയത്തെക്കുറിച്ചു നടന്ന ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആള്‍ ഇന്ത്യാ ക്രോപ്പ് ബയോടെക്‌നോളജി അസോസിയേഷന്‍ (എ.ഐ.സി.ബി.എ.), ഫൗണ്ടേഷന്‍ ഫോര്‍ ബയോടെക്‌നോളജി അവേര്‍നെസ് ആന്‍ഡ് എജ്യൂക്കേഷന്‍ (എഫ്.ബി.എ.ഇ.), എന്‍വയോണ്‍മെന്റല്‍ റിസോഴ്‌സസ് റിസര്‍ച്ച് സെന്റര്‍ (ഇ.ആര്‍.ആര്‍.സി.) എന്നിവ സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്.
ഔഷധങ്ങളും മറ്റും നിര്‍മ്മിക്കാന്‍ ജനിതക ഗവേഷണം സ്വീകാര്യമാണെങ്കിലും കൃഷിയുടെ കാര്യത്തില്‍ മാത്രം ഇത് ശക്തമായി എതിര്‍ക്കപ്പെടുന്നുവെന്ന് പ്രൊഫ. ഹെറിങ് പറഞ്ഞു. ജൈവ സുരക്ഷയ്ക്കും ജൈവ പുരോഗതിക്കും ജനിതക കൃഷി ഹാനികരമാണെന്ന ആസൂത്രിത പ്രചാരണം നടക്കുന്നു.
മരുന്നുകളുടെ നിര്‍മ്മാണത്തിലെ ജനിതക ഗവേഷണം വളരെയധികം അപകടസാദ്ധ്യതയുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം കാര്‍ഷിക മേഖലയിലെ ജനിതകമാറ്റത്തിന്റെ അപകടസാദ്ധ്യത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനിതക കൃഷിയിലൂടെ ലഭിക്കുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി യൂറോപ്യന്‍ യൂണിയന്‍ അനുവദിക്കുന്നില്ലെന്നതാണ് ഇവിടത്തെ എതിര്‍പ്പിനു പ്രധാന കാരണമെന്ന് എഫ്.ബി.എ.ഇ.യിലെ പ്രൊഫ. സി. കാമേശ്വര റാവു പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ താല്പര്യത്തെക്കാള്‍ പ്രാധാന്യം ഇന്ത്യയുടെ താല്പര്യങ്ങള്‍ക്കു തന്നെ നല്‍കണം. കാരണം കയറ്റുമതിയില്‍ കൃഷിയുടെ പങ്ക് തീരെ ചെറുതാണെന്ന് അദ്ദേഹം പറഞ്ഞു.
ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ .എം.പി. നായര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ഇ.ആര്‍.ആര്‍.സിയിലെ ഡോ. പി.കെ.കെ. നായര്‍, ഡോ. പി.കെ. ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
കടപ്പാട് – മാതൃഭൂമി








വ്യാഖ്യാനം