കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • കേരളത്തിലെ കൃഷിനാശത്തിന് കാരണമായ കര്‍ഷകരുടെ അസംഘടിതാവസ്ഥയും അജ്ഞതയും ആണെങ്കില്‍ നമുക്കതിനെതിരെ സംഘടിക്കാം, ചര്‍ച്ചചെയ്യാം, അറിവുകള്‍ പങ്കുവെയ്ക്കാം. സ്വാര്‍ത്ഥതയില്ലാത്ത കൃഷിശാസ്ത്രജ്ഞരെ നമുക്ക് ഒപ്പം കൂട്ടാം. വരൂ Agriculture എന്ന കൂട്ടായ്മയില്‍ പങ്കുചേരൂ കൃഷിയെ രക്ഷിക്കൂ കര്‍ഷകരെ രക്ഷിക്കൂ. ഈ കൂട്ടായ്മയില്‍ അജ്ഞരായ അംഗങ്ങളെ ഒഴിവാക്കുവാനായി ചേരുമ്പോള്‍ത്തന്നെ പോസ്റ്റല്‍ അഡ്രസ് രേഖപ്പെടുത്തുവാന്‍ നിര്‍ബന്ധിക്കുകയും അത് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. ഇന്റെര്‍നെറ്റിലൂടെയും സുതാര്യത ഉറപ്പാക്കുവാന്‍ കഴിയുമെന്ന് ഇവിടെ തെളിയിക്കപ്പെടുകയാണ്. നിങ്ങ് ഡോട് കോം എന്ന വെബ് സൈറ്റിന്റെ രൂപകല്പന ഇത്തരം ശ്രദ്ധേയമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തമാണ്.

    No Comments

  • ഓണം പിറന്നാലും ഇല്ലെങ്കിലും തണലിലെ ഓര്‍ഗാനിക് ബസാറില്‍ പച്ചക്കറികള്‍ക്ക് ഒരേവില. എന്നുവെച്ചാല്‍ ഓണമൊഴികെയുള്ള സമയത്ത് തണലിലെ ജൈവ പച്ചക്കറികള്‍ക്ക് കീടനാശിനികളും രാസവളങ്ങളും കൊണ്ട് ഊട്ടിയെടുത്ത പച്ചക്കറികളെക്കാള്‍ കൂടിയവില കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നു. ഓണത്തിന്റെ പേരില്‍ ഉപഭോക്താവിനെ ചൂഷണവും ചെയ്യുന്നില്ല. ഉദ്പാദകരെയും ഉപഭോക്താവിനെയും ലാഭേഛ കൂടാതെ ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്ന തണലിന്റെ പ്രവര്‍ത്തനം പ്രശംസനീയം തന്നെ. കോവളത്ത് പ്രവര്‍ത്തിക്കുന്ന സീറോ വേസ്റ്റ് എന്ന തൊഴില്‍ സംരംഭം ചിരട്ട മുതലായ പാഴ് വസ്തുക്കള്‍കൊണ്ട് അതി മനോഹരങ്ങളായ പുട്ടുകുറ്റി, നിറപറ, തവി, സ്പൂണ്‍, കീചെയിന്‍ തുടങ്ങി ഒട്ടേറെ വസ്തുക്കള്‍ നിര്‍മിക്കുന്നു. അന്‍പതില്‍ത്താഴെ മാത്രം പച്ചക്കറി ഉദ്പാദകര്‍ തണലിലെ ഓര്‍ഗാനിക് ബസാറില്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ നഷ്ടകൃഷിയല്ലാതെ വിറ്റ് നിത്യച്ചെലവുകള്‍ക്ക് വക കണ്ടെത്തുന്നു.

    No Comments
  • മസനോബു ഫുക്കുവോക്ക അന്തരിച്ചു

    �ാരതീയ കൃഷിശാസ്ത്രജ്ഞര്‍ക്കു മുന്നില്‍ എന്റെ ജൈവ തെങ്ങ് സമര്‍പ്പിക്കുന്നു.

    ഭാരതീയ കൃഷിശാസ്ത്രജ്ഞര്‍ക്കു മുന്നില്‍ എന്റെ ജൈവ തെങ്ങ് സമര്‍പ്പിക്കുന്നു.

    മത്‌സുയാമ: പ്രകൃതികൃഷിരീതിയുടെ വക്താവായിരുന്ന ജാപ്പനീസ്‌ കാര്‍ഷിക ശാസ്‌ത്രജ്ഞന്‍ മസനോബു ഫുക്കുവോക്ക (95) അന്തരിച്ചു. ഭൂമി ഉഴുതു മറിക്കുകയോ കള പറിക്കുകയോ വളമോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ സ്വഭാവിക കൃഷി നടത്തണമെന്ന്‌ ആഹ്വാനം ചെയ്‌ത ഫുക്കുവോക്കയുടേത്‌ സ്വാഭാവിക മരണമായിരുന്നു. ശനിയാഴ്‌ച ജപ്പാനില്‍ ഇയോയിലെ സ്വവസതിയിലാണ്‌ അദ്ദേഹം അന്തരിച്ചത്‌.

    മണ്ണിന്റെ ജീവനുവേണ്ടി പോരാടിയ അങ്ങേയ്ക്ക് ഒരു കര്‍ഷകന്റെ ആദരാഞ്ജലികള്‍

    മണ്ണിന്റെ ജീവനുവേണ്ടി പോരാടിയ അങ്ങേയ്ക്ക് ഒരു കര്‍ഷകന്റെ ആദരാഞ്ജലികള്‍

    തന്റെ നിരീക്ഷണങ്ങളെപ്പറ്റി ഫുക്കുവോക്ക എഴുതിയ ‘ദി വണ്‍ സ്‌ട്രോ റവല്യൂഷന്‍’ (ഒറ്റ വൈക്കോല്‍ വിപ്ലവം) എന്ന പുസ്‌തകം ഒട്ടേറെ വിദേശ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. ഇന്ത്യയുടെ ദേശികോത്തം പുരസ്‌കാരം, മാഗ്‌സസെ അവാര്‍ഡ്‌ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

    1913 ഫിബ്രവരി രണ്ടിന്‌ ജനിച്ച ഫുക്കുവോക്ക മൈക്രോബയോളജിസ്റ്റായാണ്‌ കാര്‍ഷിക രംഗത്തേക്ക്‌ കടന്നത്‌. 25-ാം വയസ്സില്‍ ആധുനികമായ ശാസ്‌ത്രീയ കൃഷിരീതിയില്‍ സംശയം പ്രകടിപ്പിച്ച അദ്ദേഹം ഗവേഷണ ശാസ്‌ത്രജ്ഞന്‍ എന്ന ജോലി ഉപേക്ഷിച്ച്‌ നാട്ടിലെ സ്വന്തം കൃഷിയിടത്തില്‍ മടങ്ങിയെത്തി കൃഷി തുടങ്ങി.

    ഭൂമിയെ അതേപടി നിലനിര്‍ത്തിക്കൊണ്ട്‌ കൃഷിചെയ്യണമെന്ന ഫുക്കുവോക്കയുടെ താത്ത്വിക ആശയത്തെ പലരും സംശയത്തോടെ വീക്ഷിച്ചെങ്കിലും അവ ലോകപ്രശസ്‌തമായി.

    കടപ്പാട്- മാതൃഭൂമി 19-08-08

    1 Comment
  • ജൈവ പച്ചക്കറി ദിവസേന കാല്‍ ടണ്ണോളം ഉത്‌പാദിപ്പിച്ച്‌ വിറ്റ്‌ കൊല്ലം ജില്ലയിലെ ജൈവ കര്‍ഷകനായ കൊട്ടാരക്കര മൈലം മേവറത്ത്‌ നരേന്ദ്രനാഥന്‍ നായര്‍ കാര്‍ഷിക രംഗത്തെ ‘സൂപ്പര്‍സ്റ്റാര്‍’ ആകുകയാണ്‌. ആലുവ ആസ്ഥാനമായ ‘ഇന്‍ഡോസര്‍ട്ട്‌’ എന്ന ജൈവ സാക്ഷ്യപത്ര അതോറിറ്റിയുടെ സാക്ഷ്യപത്രം ലഭിച്ച കൊല്ലം ജില്ലയിലെ ഒരേ ഒരാള്‍ കൂടിയാണ്‌ നരേന്ദ്രനാഥ്‌.
    ഏറെ വിചിത്രം ഒരു ബഹുരാഷ്ട്ര കുത്തകയുടെ വളം, കീടനാശിനി ഏജന്‍സി വലിച്ചെറിഞ്ഞിട്ടാണ്‌ മുഴുവന്‍ സമയ ജൈവകര്‍ഷകനായി നരേന്ദ്രനാഥ്‌ മാറിയത്‌.
    ഇനിയൊരു വിശേഷണം കൂടിയുണ്ട്‌ ഇദ്ദേഹത്തിന്‌. കൊല്ലത്തെ ആദ്യത്തെ സഞ്ചരിക്കുന്ന ജൈവ പച്ചക്കറി വില്‌പനശാലയുടെ ഉടമ കൂടിയാണ്‌ ഇദ്ദേഹം.
    ചൊവ്വാഴ്‌ചയും വെള്ളിയാഴ്‌ചയും കൊട്ടാരക്കര നിന്ന്‌ കൊല്ലം കളക്ടറേറ്റിനു സമീപവും കനറാ ബാങ്കിനു മുന്നിലും കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രത്തിനു സമീപവും ആനന്ദവല്ലീശ്വരം ദേവീക്ഷേത്രത്തിനു സമീപവും ഇദ്ദേഹം വില്‌പന നടത്തും. ദിവസേന കാല്‍ ടണ്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ പൂര്‍ണമായും ഇവിടങ്ങളില്‍ വിറ്റഴിയും.
    2005-ല്‍ ഗ്രീന്‍ട്രേഡ്‌ ഓര്‍ഗാനിക്‌ പ്രൊഡക്ട്‌സ്‌ മേവറത്ത്‌ ഫാം മൈലം എന്ന പേരില്‍ കച്ചവടം ആരംഭിച്ചതാണ്‌. സ്ഥിരമായി മുന്നൂറോളം ജൈവ പച്ചക്കറി ഉപഭോക്താക്കള്‍ നരേന്ദ്രനാഥിനുണ്ട്‌.
    ഈയവസരം മുതലെടുത്തുകൊണ്ട്‌ ജൈവോത്‌പന്നങ്ങളില്‍നിന്ന്‌ ഉത്‌പാദനങ്ങളും ഉണ്ടാക്കിത്തുടങ്ങി. വാഴയ്‌ക്കപ്പൊടി, ചക്ക വറുത്തത്‌, കപ്പ വറുത്തത്‌, കപ്പ ഉണക്കിയ ചീനിപ്പുട്ട്‌ പൊടി, മഞ്ഞള്‍, ഇഞ്ചിപ്പൊടി തുടങ്ങി ഒരു ഡസനിലധികം ഉപോത്‌പന്നങ്ങള്‍ വിപണിയിലായി. 2009 ജനവരിയോടെ വ്യാവസായികമായി ജൈവമൂല്യവര്‍ധിത ഉത്‌പന്നങ്ങള്‍ പുറത്തിറക്കുവാനാണ്‌ പദ്ധതി.
    കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9847774725 നമ്പറില്‍ ബന്ധപ്പെടുക.
    വി. ശ്രീകുമാര്‍

    കടപ്പാട് – മാതൃഭൂമി 13-07-08

    1 Comment
  • 09-07-08 ലെ മാതൃഭൂമി ദിനപത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ ഡോ. ആര്‍.ഗോപിമണി പ്രസിദ്ധീകരിച്ച കത്താണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.

    കൃഷിയിലെ കാല്പനികത

    ജനിതകമാറ്റം വരുത്താത്ത വിത്തും രാസവളങ്ങളോ കീടനാശിനികളോ വേണ്ടാത്ത നാടന്‍ കൃഷിരീതികളും കൊണ്ട് വന്‍ വിളവ് കിട്ടും എന്നു ദേവിന്ദര്‍ ശര്‍മ പറയുമ്പോള്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന എന്നെപ്പോലൊരു ശാസ്ത്രജ്ഞന് അത് അപ്പടി വിഴുങ്ങന്‍ ബുദ്ധിമുട്ടുണ്ട്. കാരണം, ഇത്തരം ഒറ്റപ്പെട്ട വിളവുകളെപ്പറ്റിയും കര്‍ഷകരെപ്പറ്റിയും 1950 കില്‍ തന്നെ ഞങ്ങള്‍ ധാരാളം കേട്ടിരുന്നു. പക്ഷേ, അത്തരം ‘കാര്‍ഷിക വിജയങ്ങള്‍’ ഇന്ത്യയിലെ കോടിക്കണക്കായ കര്‍ഷകരിലേയ്ക്കു വ്യാപിപ്പിക്കാന്‍ സാധിച്ചിരുന്നില്ലെന്നതാണ് ദഃഖകരമായ വസ്തുത. അതേസമയം 1973 ല്‍ ‘കല്യാണ്‍ സോണ’ എന്ന അത്യുല്പാദനശേഷിയുള്ള ഗോതമ്പിനം ഉത്തര്‍ പ്രദേശിലെ കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിച്ചത് ‘കാട്ടുതീ’യുടെ വേഗത്തിലാണ്. വേണ്ട അളവില്‍ ജൈവ വളങ്ങളും രാസവളങ്ങളും ചേര്‍ത്ത് ആ വിത്ത് കൃഷി ചെയ്യുമ്പോള്‍ ഏതു കര്‍ഷകനും ശരാശരി മൂന്ന് ടണ്‍ ഗോതമ്പ് ഒരു ഹെക്ടറില്‍ നിന്ന് ലഭിച്ചിരുന്നു.

    ജൈവകൃഷിയുടെ പിതാവെന്നറിയപ്പെടുന്ന ജാപ്പനീസ് കര്‍ഷകനായ ‘മസനോബു ഹുക്കുവോക്ക’ ഏറ്റവും ഒടുവില്‍ പറഞ്ഞത് രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്ത തന്റെ കൃഷിയെ നാലഞ്ച് പതിറ്റാണ്ടുകളിലെ അനുഭവങ്ങള്‍ക്ക് ശേഷവും തന്റെ അയല്‍ക്കാരനായ ഒരു കര്‍ഷകനും അനുകരിക്കാത്തത് തികച്ചും സ്വാഭാവികം തന്നെയാണ്! കാരമവും അദ്ദേഹം പറയുന്നുണ്ട്. “ജൈവകൃഷി വിപുലമായി പ്രചരിപ്പിക്കാനാവുന്ന ഒന്നല്ല. ഉത്പാദന തകര്‍ച്ച കര്‍ഷകര്‍ക്ക് താങ്ങാനാവുന്നതുമല്ല. പവയകാല ശരാശരി ഉത്പാദനക്ഷമതയിലേക്ക് തിരിച്ചുപോകുവാന്‍ അവര്‍ക്കിനിയാവില്ല.”

    നമുക്ക് വേണ്ടത്, ഇന്ന് തമിഴ്‌നാട്ടില്‍ വിജയകരമായി അനുവര്‍ത്തിച്ച് വരുന്ന ‘പ്രിസിഷന്‍ ഫാമിങ്’ പോലുള്ള കൃഷിയാണ്. കണികാ ജലസേചനത്തോടൊപ്പം വിളവിന്റെ വിവിധ ദശകളില്‍  അവയ്ക്ക് വേണ്ടിവരുന്ന എന്‍.പി.കെ മൂലകങ്ങള്‍, സൂഷ്മമായ അളവിലും ആവൃത്തിയിലും വെള്ളത്തില്‍ കലര്‍ത്തി എത്തിച്ച് വിളയുടെ ‘ഉത്പാദനകാലം’ നാലിരട്ടിയായി ദീര്‍ഘിപ്പിച്ച് ഉത്പാദനക്ഷമത പത്തിരട്ടിയായി വര്‍ദ്ധിപ്പിക്കുന്ന രീതിയാമിത്. ആന്ധ്രയിലെ എല്ലാ ജില്ലകളിലുമായി ഏഴു ദശലക്ഷം ഹെക്ടറില്‍ നാടന്‍ കൃഷിയിലൂടെ വന്‍ ആദായം നേടുന്ന കര്‍ഷകരുണ്ടെന്നു ദേവിന്ദര്‍ ശര്‍മ അല്ല, സാക്ഷാല്‍ ദേവേന്ദ്രന്‍ തന്നെ വന്ന് പറഞ്ഞാലും അത് അപ്പടി വിശ്വസിക്കാന്‍ വിഷമമുണ്ട്.

    ഡോ. ആര്‍.ഗോപിമണി, തിരുവനന്തപുരം

    10-07-08 ലെ ആക്ഷേപങ്ങലും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ വന്ന എന്റെ മറുപടി ചുവടെ.

    നാടന്‍ വിത്തും ജൈവവളവും അല്ലേ കേരളത്തിന് അനുയോജ്യം?

    ‘കൃഷിയിലെ കാല്പനികത’ എന്ന ഡോ. ആര്‍.ഗോപിമണിയുടെ കത്താണ് ഈ കുറിപ്പിന് ആധാരം.

    തെങ്ങുകള്‍ക്ക് വരുന്ന മഞ്ഞളിപ്പ് രോഗത്തിന്തെങ്ങുകളുടെ ചുവട്ടില്‍ നിന്ന് രണ്ട് മീറ്റര്‍ അകലം വിട്ട് വട്ടത്തില്‍ തടം തുറന്ന് തെങ്ങൊന്നിന് അഞ്ച് കിലോഗ്രാം യൂറിയ വിതറി മണ്ണിട്ട് മൂടിയാല്‍ മഞ്ഞളിപ്പ് മാറാനുള്ള സാധ്യത ഉണ്ട് എന്ന് ഡോ. ഗോപിമണി  2006 നവംബര്‍ 30 -ലെ കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. അദ്ദേഹം ഇപ്പോള്‍ പറയുന്നു എന്‍.പി.കെ മൂലകങ്ങള്‍ സൂഷ്മമായ അളവിലും ആവൃത്തിയിലും വെള്ളത്തില്‍ കലര്‍ത്തി എത്തിച്ച് തമിഴ്‌നാട്ടില്‍ വിജയകരമായി അനുവര്‍ത്തിച്ച് വരുന്ന പ്രിന്സ് ഫാമിങ് (പ്രിസിഷന്‍ ഫാമിങ് എന്ന് തിരുത്തി വായിക്കുക) പോലുള്ള കണിക ജലസേചനം നടത്തുവാന്‍. തമിഴ്‌നാട്ടിലെ മണ്ണില്‍ സെക്കഡറി ന്യൂട്രിയന്റ്സ് ആയ മഗ്നീഷ്യം, കാത്സ്യം, സള്‍ഫര്‍ എന്നിവയുടെ ലഭ്യതയാണ് എന്‍.പി.കെയുടെ കണിക ജലസേചനത്തിലൂടെ ഹ്രസ്വകാല ഉത്പാദന വര്‍ദ്ധനവിന് കാരണമാകുന്നത്.

    എന്നാല്‍ ധാരാളം മഴ ലഭിക്കുന്ന കേരളത്തില്‍ അത്യുത്പാദനശേഷിയുള്ള നാടന്‍ വിത്തിനങ്ങളും, ജൈവ വളപ്രയോഗവും, മണ്ണിലെ മൂലകങ്ങളുടെ സന്തുലിതാവസ്ഥയും നിലനിറുത്തിയുള്ള ഒരു കൃഷിരീതിയല്ലെ അഭികാമ്യം? ഇന്ന് കര്‍ഷകര്‍ പഴയതുപോലെ വിദ്യാഭ്യാസം കുറഞ്ഞവരല്ല. ഇന്റെര്‍നെറ്റും, വെബ്സൈറ്റുകളും, ബ്ലോഗുകളും, സെര്‍ച്ച് എഞ്ചിനുകളും മറ്റും കര്‍ഷകര്‍ക്കാവശ്യമായ പല വിവരങ്ങളും ലഭ്യമാക്കുന്നുണ്ട്. രാസ വളങ്ങളുടെയും, കള, കുമിള്‍, കീടനാശിനികളുടെയും, ജനിതകമാറ്റം വരുത്തിയ വിത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെയും ദോഷഫലങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കുവാന്‍ ധാരാളം സൌകര്യങ്ങള്‍ ലഭ്യമാണ്.

    എസ്. ചന്ദ്രശേഖരന്‍ നായര്‍, പേയാട്

    വിമുക്തഭടനായ ഞാന്‍ നാട്ടില്‍ വന്ന് കൃഷി ആരംഭിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡോ. ആര്‍.ഗോപിമണി എന്ന കഴിഞ്ഞ നാലു പതിറ്റാണ്ടായി കൃഷിശാസ്ത്രജ്ഞനായി പ്രവര്‍ത്തിക്കുന്ന ഇദേഹത്തെ പരിചയപ്പെടുന്നത്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് നെല്ല്, പച്ചകറി, വാഴ, റബ്ബര്‍ എന്നീ വിളകള്‍ കൃഷിചെയ്തിരുന്ന എനിക്ക് കൂടുതല്‍ അറിവ് പകരുവാനായി അദ്ദേഹം രചിച്ച് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 85 രൂപ വിലയുള്ള അക്ഷയകൃഷിഎന്ന പുസ്തകം വാങ്ങുവാനും പഠിക്കുവാനും അദ്ദേഹമാണ് എന്നെ പ്രേരിപ്പിച്ചത്. കാര്‍ഷിക സര്‍വ്വകലാശാലയിലെ മുന്‍ സോയില്‍ സയന്‍സ് വിഭാഗം മേധാവി ഡോ. തോമസ് വര്‍ഗീസിന്റെ ആമുഖത്തോടെ തുടങ്ങുന്ന പുസ്തകം വളരെ വിജ്ഞാനപ്രദം തന്നെ ആയിരുന്നു. അതിലൂടെയാണ് ഞാന്‍ പൂര്‍ണമായും ജൈവ കൃഷിയിലേയ്ക്ക് മാറിയത്.

    11-07-08 ല്‍ വന്നത് ചുവടെ.

    ഭക്ഷ്യക്ഷാമമില്ലാത്ത ലോകം നവകര്‍ഷകര്‍ ഉണ്ടാക്കട്ടെ

    ദേവിന്ദര്‍ ശര്‍മ്മയുടെ ലേഖനത്തിന് ഡോ. ഗോപിമണി എഴുതിയ പ്രതികരണമാണ് ഈ കത്തി എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഹരിതവിപ്ലവം ഇന്ത്യയില്‍ തുടങ്ങിയകാലത്തും ‘ആധുനിക കൃഷി’ എന്ന് പറഞ്ഞുകൊണ്ട് രാസവളങ്ങളും രാസ കീടനാശിനികളും പ്രചരിപ്പിക്കുമ്പോള്‍, ആരുതന്നെ ജൈവ രീതിയില്‍ അല്ലെങ്കില്‍ പരമ്പരാഗതരീതിയില്‍ ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കാന്‍ കഴിയുമോ എന്ന് നോക്കാന്‍ മെനക്കെട്ടിട്ടില്ല. ഹരിതവിപ്ലവത്തിന് സര്‍ക്കാര്‍ കൊടുത്ത അതേ ഊന്നലും നിക്ഷേപവും നമ്മുടെ ശക്തമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഉന്നമനത്തിന് കൊടുത്തിരുന്നെങ്കില്‍ ഇന്ന് നാം കാണുന്ന ജൈവകൃഷിവിപ്ലവവും വികസനവും അന്നേ നേടാമായിരുന്നു എന്ന് പല കര്‍ഷകരും ഇന്ന് വിശ്വസിക്കുന്നു. കര്‍ഷകരെ കടത്തിലും പിന്നെ ആത്മഹത്യയ്ക്കും തള്ളിവിട്ട ചെലവേറിയ കൃഷിസമ്പ്രദായം നമ്മുടെ നാട്ടില്‍ വേരുറയ്ക്കുന്നതല്ല. നിര്‍ഭാഗ്യവശാല്‍ ഇന്നും എല്ലാ നിക്ഷേപവും ശ്രദ്ധയും കര്‍ഷകരെ തകര്‍ത്തുകൊണ്ടിരിക്കുന്ന രാസകൃഷിക്കുതന്നെ കൊടുത്തുകൊണ്ടിരിക്കുകയാണ്.

    ഇന്ന് കാരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും എന്തിന് ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ‘മസനോബു ഫുക്കുവോക്ക’യുടെയും മറ്റ് അനേകം നിലനില്‍ക്കുന്ന രീതികളും സ്വീകരിച്ച് അവരുടേതായ പരീക്ഷണങ്ങള്‍ നടത്തി ഏറെ പുരോഗമിച്ചിരിക്കുന്നു. നല്ലവിളവും സുരക്ഷിതമായ ഭക്ഷണഉല്പാദനവും, നിലനില്കുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികള്‍ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതിന്റെ അടിസ്ഥാനം കൃഷിച്ചെലവ് കുറയ്ക്കുക, വിളവില്‍ സ്ഥിരത നേടുക, മണ്ണിന്റെ ഫലപുഷ്ടി ഉറപ്പാക്കുക, അതിലൂടെ ജിവന്റെ മേലുള്ള 40 വര്‍ഷത്തെ അതിക്രമം അവസാനിപ്പിക്കുക എന്നിവയാണ്.

    കാര്‍ഷിക മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന ഈ മാറ്റം ചെന്ന് കണ്ട് മനസിലാക്കാന്‍ താല്പര്യമില്ലാത്ത ‘കൃഷി വിദദ്ധര്‍’ ഇനി ഒരുകാര്യം മാത്രമേ ചെയ്യേണ്ടതുള്ളു. ദയവുചെയ്ത് മാറിനില്‍ക്കുക; വിശ്വാസം വരുന്നതുവരെ മിണ്ടാതിരിക്കുക, ഭക്ഷ്യക്ഷാമം ഇല്ലാത്ത ലോകം ഈ നവ കര്‍ഷകര്‍ ഉണ്ടാക്കിക്കൊള്ളട്ടെ.

    ശ്രീധര്‍ ആര്‍, ജവഹര്‍ നഗര്‍, തിരുവനന്തപുരം

    No Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍